Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരും.
യോഹന്നാന്‍ 14:18
 

പ്രസ്താവന

ഒന്നാം പതിപ്പ്

വചനഗ്രന്ഥമായ ബൈബിളിൻെറ ഒരു പ്രതി ഒാരോ ക്രൈസ്തവ കുടുംബത്തിലും  അവശ്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ ലക്ഷ്യം മുൻനിർത്തി, മൂലരേഖകളോടു പരമാവധി വിശ്വസ്തത പുലർത്തിക്കൊണ്ട്, ലളിതവും സമകാലികവുമായ ശൈലിയിൽ ബൈബിൾ വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കുന്നതിനുള്ള ദീർഘകാലയത്നത്തിൻെറ ഫലമാണ് ഈ ഗ്രന്ഥം.

ബൈബിൾ വിവർത്തനരംഗത്ത് കേരള ക്രൈസ്തവർക്ക് ഒന്നര നൂറ്റാണ്ടിലേറെക്കാലത്തെ പ്രവർത്തനപാരമ്പര്യമുണ്ട്. കത്തോലിക്കരല്ലാത്ത ക്രൈസ്തവസഭകളാണ് ഈ രംഗത്ത് ആദ്യമായി പ്രവർത്തിച്ചത്. 1807 മുതൽ ബൈബിളിൻെറ ഭാഗികമായ വിവർത്തനങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. 1841-42-ൽ കോട്ടയം സി.എം.എസ്. പ്രസ്സിൽനിന്നും ബൈബിളിൻെറ സമ്പൂർണ വിവർത്തനം മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിക്കുകയുണ്ടായി. തിരുവിതാംകൂറിലാണ് ഇതിനു മുഖ്യമായ പ്രചാരം ലഭിച്ചത്. പിന്നീട് 1889-ൽ മലബാറിലെ ഭാഷാരീതിയെ ഉപജീവിച്ച് ഗുണ്ടർട്ട് തയാറാക്കിയ വിവർത്തനം പ്രകാശിതമായി. ഇന്ന് ഏറ്റവുമധികം പ്രചാരത്തിലിരിക്കുന്ന സമ്പൂർണബൈബിൾ വിവർത്തനം (സത്യവേദ പുസ്തകം) 1910-ൽ ബൈബിൾ സൊസൈറ്റി ഒാഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചതാണ്.

കേരള കത്തോലിക്കർ വിവർത്തനരംഗത്തേക്കു വന്നത് വൈകിയാണ്. കത്തോലിക്കരുടെ ഇടയിൽ ഏറ്റവുമധികം പ്രചാരം സിദ്ധിച്ചത് സുറിയാനിയിൽനിന്ന് മാണിക്കത്തനാർ വിവർത്തനം ചെയ്ത് 1935-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമമാണ്. പഴയ നിയമത്തിൻെറ ആദ്യഭാഗമായ പഞ്ചഗ്രന്ഥിയും അദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്. ഫാ. മാത്യു വടക്കേലിൻെറ നേതൃത്വത്തിലുള്ള ഒരു വിവർത്തക സമിതി പഴയ നിയമം മുഴുവൻ പരിഭാഷപ്പെടുത്തി. 1930, 1934, 1939 എന്നീ വർഷങ്ങളിൽ S.H Leage മൂന്നു വാല്യങ്ങളിൽ അതു പ്രസിദ്ധീകരിച്ചു. 1963-ൽ റവ. തോമസ് മൂത്തേടൻ ലത്തീൻ വുഗാത്തായും സുറിയാനി പെശീത്തായും ആധാരമാക്കി ബൈബിളിൻെറ സമ്പൂർണ വിവർത്തനം പ്രസിദ്ധീകരിച്ചു. പുതിയ നിയമത്തിൻെറ രണ്ട് ആധുനിക വിവർത്തനങ്ങൾ കൂടി അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1978-ൽ മാന്നാനത്തുനിന്ന് കർമ്മലീത്താസഭയുടെയും 1980-ൽ ബൈബിൾ സൊസൈറ്റി ഒാഫ് ഇൻഡ്യയുടെയും നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച വിവർത്തനങ്ങളാണ് അവ.

1968-ൽ കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസിൻെറ പാസ്റ്റ്റൽ ഒാറിയൻേറഷൻ സെൻറർ ബൈബിളിൻെറ സമ്പൂർണ വിവർത്തനത്തിന് ഒരു പദ്ധതിയുമായി മുമ്പോട്ടു വന്നു; കെ. സി. ബി. സി. അത് അംഗീകരിക്കുകയും ചെയ്തു.

1976-ൽ കെ. സി. ബി. സി. ഒരു ബൈബിൾ കമ്മീഷനെ നിയോഗിച്ചു. പി.ഒ.സി. കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഈ കമ്മീഷൻ വിവർത്തനപരിപാടി ഏറ്റെടുത്തു. വിവർത്തനത്തിൻെറ ആദ്യഘട്ടമായി പുതിയ നിയമത്തിൻെറ പരിഭാഷ 1977 ഡിസംബറിൽ പ്രസിദ്ധീകരിച്ചു. ആധികാരിക മൂലരേഖയായി ഉപയോഗിച്ചത്  The Nestle Greek Text ആണ്. കൂടാതെ ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകളിലെ ആധുനിക വിവർത്തനങ്ങളും ഉപയോഗപ്പെടുത്തി. 

1978 ആരംഭത്തിൽ പഴയ നിയമത്തിൻെറ പരിഭാഷയ്ക്കു വേണ്ട ഒരുക്കങ്ങൾ ആരംഭിച്ചു.

ഒരു എക്യുമെനിക്കൽ വിവർത്തനത്തിൻെറ  സാധ്യതയെക്കുറിച്ചു കെ. സി. ബി. സി.ബൈബിൾ കമ്മീഷനും Bible Society of India യുമായി ചർച്ചക നടന്നു. തത്ഫലമായി ഒരു ഏകോപനസമിതി രൂപംകൊള്ളുകയും ഇരുകൂട്ടരുടെയും സംയുക്താഭിമുഖ്യത്തിൽ വിവർത്തകർക്കുവേണ്ടി ഒരു പരിശീലന ക്യാമ്പ് നടത്തുകയും ചെയ്തു. വിവിധ ക്രൈസ്തവ സഭകളിൽപെട്ടവർ അതിൽ പങ്കെടുത്തു. കമ്മിറ്റി ഇവരിൽനിന്നു വിവർത്തകരെ തെരഞ്ഞെടുത്തു. ഒാരോരുത്തരും വിവർത്തനം ചെയ്യേണ്ട പുസ്തകങ്ങൾ നിശ്ചയിച്ചുകൊടുക്കുകയും ചെയ്തു. നിശ്ചിതസമയത്തുതന്നെ വിവർത്തനം പൂർത്തിയായി. എന്നാൽ ഈഘട്ടത്തിൽ തനതായ താത്കാലിക സാഹചര്യങ്ങളാൽ Bible Society വിവർത്തനപദ്ധതിയിൽനിന്നു പിൻമാറേണ്ടിവന്നു. ഇതുവരെയുള്ള സൗഹാർദത്തിൻെറയും സഹകരണത്തിൻെറയും അടിസ്ഥാനത്തിൽ ഒരു എക്യുമെനിക്കൽ വിവർത്തനം സമീപഭാവിയിൽ കേരളക്രൈസ്തവർക്കു കാഴ്ചവയ്ക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.

കെ. സി. ബി. സി. ബൈബിൾ കമ്മീഷൻ വിവർത്തന പദ്ധതി തുടർന്നു. പഴയ നിയമത്തിൻെറ വിവർത്തനത്തിനുപയോഗിച്ചിട്ടുള്ള മൂലരേഖകൾ Biblia Hebraica Stuttgartensia edited by K. Ellinger-W.Rudolph, and Septuagint with Apocrypha by Sir Lancelot C.L Brenton എന്നിവയാണ്. കൂടാതെ ലത്തീൻ, ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ എന്നീ ഭാഷകളിലുള്ള പ്രധാന വിവർത്തനങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ആധുനിക ബൈബിൾ വിജ്ഞാനീയത്തിൻെറ സഹായത്തോടെയാണ് പാഠനിർണയം ചെയ്തിട്ടുള്ളത്.  അതിനാൽ ഏതെങ്കിലും ഒരു ഇംഗ്ലീഷ് വിവർത്തനത്തോടുമാത്രം താരതമ്യം ചെയ്താൽ എല്ലായിടത്തും വിവർത്തനം പൊരുത്തപ്പെട്ടില്ലെന്നുവരും. ചില വാക്യങ്ങൾ അടിക്കുറിപ്പായി കൊടുത്തിരിക്കുന്നതും പ്രതേ്യക പഠനത്തിൻെറ അടിസ്ഥാനത്തിലാണ്.

ഒാരോ പുസ്തകത്തിനും ചെറിയ ഒാരോ ആമുഖം എഴുതിച്ചേർത്തിട്ടുണ്ട്. ഒാരോ അധ്യായത്തിലും പ്രധാന ആശയങ്ങളിലേക്കു വിരൽചൂണ്ടുന്ന ഉപശീർഷകങ്ങൾ സമാന്തര വാക്യങ്ങളുടെ സൂചിക എന്നിവയും കൊടുത്തിട്ടുണ്ട്. അത്യാവശ്യമെന്നു തോന്നിയ സന്ദർഭങ്ങളിൽ മാത്രമേ വ്യാഖ്യാനരൂപത്തിലുള്ള കുറിപ്പുകൾ കൊടുത്തിട്ടുള്ളൂ.

ഈ വിവർത്തനത്തിനു സഹായിച്ചിട്ടുള്ളവർ ഏറെയാണ്. എല്ലാവരെയും ഞങ്ങ സ്മരിക്കുന്നു. ഈ വിവർത്തനപദ്ധതിക്കു രൂപം നൽകുകയും എല്ലാ ഘട്ടങ്ങളിലും പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്ത ഫാ. ജോസഫ് കണ്ണത്തിനെ പ്രതേ്യകം സ്മരിക്കുന്നു. വിവിധ ഘട്ടങ്ങളിൽ ഞങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടും ഞങ്ങൾ കൃതജ്ഞതയുള്ളവരാണ്.

ദൈവവചനത്തിൻെറ ലളിതവും സുഗ്രഹവും വിശ്വസ്തവുമായ വിവർത്തനം സാമാന്യജനങ്ങക്കു ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഉദ്യമത്തിൽ ആദ്യന്തം ഞങ്ങളെ നയിച്ചത്. അതിന് ഈ യത്നം സഹായകമാകുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. തുടർന്ന് ഞങ്ങക്കു ലഭിക്കുന്ന നിർദേശങ്ങൾ അടുത്ത പതിപ്പിൽ പരിഗണിക്കുന്നതാണ്.

വചനം ഹൃദയപൂർവം സ്വീകരിച്ച് അതുവഴി എല്ലാവരിലും ജീവനുണ്ടാകുവാനും  അത് സമൃദ്ധമായി ഉണ്ടാകുവാനും ഇടയാകട്ടെ എന്നു പ്രാർഥിച്ചുകൊണ്ട് ഈ ഗ്രന്ഥം ദൈവ ജനസമക്ഷം സമർപ്പിച്ചുകൊള്ളുന്നു.

 

ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ
ഡിസംബർ  28, 1981സെക്രട്ടറി, കെ. സി. ബി. സി.
പി. ഒ. സി.ബൈബി കമ്മീഷൻ

 

രണ്ടാം പതിപ്പ്

ഒന്നാം പതിപ്പ് പ്രസിദ്ധീകരിച്ചപ്പോൾ വിവർത്തനത്തെക്കുറിച്ചു ഞങ്ങക്കു ലഭിക്കുന്ന നിർദേശങ്ങൾ അടുത്ത പതിപ്പിൽ പരിഗണിക്കുന്നതാണ് എന്ന് അറിയിച്ചിരുന്നു. ഔദാര്യപൂർവം അയച്ചുകിട്ടിയ നിർദേശങ്ങളിൽ യുക്തമായവ സ്വീകരിച്ചിട്ടുണ്ട്. അത്തരത്തിൽ ഞങ്ങളെ സഹായിച്ച എല്ലാവർക്കും നന്ദി.

ഒന്നാം പതിപ്പിൽ വന്ന അപാകതക നിവാരണം ചെയ്യാൻ വളരെയേറെ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. വിവർത്തനത്തിൽ വന്നിട്ടുള്ള മാറ്റങ്ങളിൽ അധികവും ഭാഷാപരമായ ഐകരൂപ്യത്തിനുവേണ്ടി ചെയ്തിട്ടുള്ളതാണ്. വ്യത്യസ്തമായ വ്യാഖ്യാനസാധ്യതയുണ്ടായിരുന്ന ചില പദങ്ങളുടെ സ്ഥാനത്ത് മൂലാർഥം മാത്രം വ്യക്തമാക്കുന്ന പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. വിവർത്തനത്തിൽ വന്ന ഏതാനും അർഥവ്യത്യാസങ്ങളും തിരുത്തിയിട്ടുണ്ട്. എന്നാൽ ഇവയിൽ ഒന്നുംതന്നെ ബൈബിളിലെ ദൈവശാസ്ത്രവീക്ഷണത്തെയോ ധാർമികതയെയോ ബാധിക്കുന്നതല്ല.  ഈ പതിപ്പിനു പലവിധത്തിലുള്ള സഹായങ്ങൾ നൽകിയിട്ടുള്ള എല്ലാവരെയും ഞങ്ങൾ നന്ദിയോടെ ഒാർക്കുന്നു. തുടർന്നും നിർദേശങ്ങൾ അഭ്യർഥിച്ചുകൊണ്ട് ഈ പതിപ്പ് നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നു.

 

ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ
ഒക്ടോബർ  24, 1986സെക്രട്ടറി, കെ. സി. ബി. സി.
പി. ഒ. സി. ബൈബിൾ കമ്മീഷൻ

 

മൂന്നാം പതിപ്പ്

പി.ഒ.സി. സമ്പൂർണ ബൈബിൾ ചില പരിഷ്കാരങ്ങളോടെ പ്രസിദ്ധീകരിക്കുക മാത്രമാണ് ഈ പുതിയ പതിപ്പിൽ.  മുമ്പതിപ്പിൽനിന്നു വ്യത്യസ്തമായി, വലിപ്പം കുറച്ച് കൈയൊതുക്കമുള്ള ആകൃതിയിലാണ് ഈ മൂന്നാം പതിപ്പ് തയാറാക്കിയിരിക്കുന്നത്.  പേജുകൾ വർധിപ്പിച്ച് പുസ്തകത്തിൻെറ നീളവും വീതിയും കുറച്ചു.  വാക്യനമ്പറുക മാർജിനിൽ കൊടുക്കുന്ന മുൻരീതി മാറ്റി ഇവിടെ വാക്യാരംഭത്തിൽത്തന്നെ ചേർത്തു.  ഒാരോ നമ്പറിലെയും വാക്യം എവിടെ ആരംഭിക്കുന്നുവെന്ന് കൃത്യമായി അറിയുന്നതിന് ഈ രീതി ഉപകരിക്കും.  ഒരു പൊതുനയമെന്ന നിലയിൽ മുമ്പതിപ്പിലെ വാചകഘടന പരിഷ്കരിച്ചിട്ടില്ല.  വിവർത്തനപരമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല.  എന്നാൽ മുമ്പതിപ്പിലെ ചില അച്ചടിപ്പിശകുകളും ഭാഷാപരമായ ചില പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ട്.  പേജുനമ്പറുകൾക്ക് മാറ്റം വന്നിട്ടുണ്ട്. പുതിയലിപി സമ്പ്രദായം ആവുന്നത്ര ഉപയോഗിച്ചിരിക്കുന്നു.  ഉദാ: പ്രാർഥന.  കാവ്യഭാഗങ്ങളെല്ലാം തന്നെ കാവ്യരൂപത്തിൽ അച്ചടിച്ചിട്ടുണ്ട്.  പൂർണമായും ഡി.ടി.പി. യിൽ തയ്യാറാക്കിയ പതിപ്പുമാണിത്.  ബൈബി പ്രചാരണ-പ്രഘോഷണദൗത്യം കൂട്ടായി നിർവഹിക്കുവാൻ കേരള കത്തോലിക്കാസഭയുടെ ഒരു കർമവേദിയായ കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ഡി.ടി.പി. തയ്യാറാക്കിയത്.  ഈ പതിപ്പു തയാറാക്കുന്നതിന് നേതൃത്വം നൽകിയ കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ ചെയർമാൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിനെ നന്ദിയോടെ സ്മരിക്കുന്നു.  ഈ പതിപ്പിൻെറ ഭാഷാപരിശോധനയിലും ഡി.ടി.പി. തയ്യാറാക്കിയപ്പോൾ പ്രൂഫ് റീഡിംഗിലും സഹായിച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദിപറയുന്നു.  ജീവദായകമായ വചനം എല്ലാവരിലും ധാരാളമായി  സത്ഫലങ്ങൾ പുറപ്പെടുവിക്കട്ടെയെന്ന് പ്രാർഥിച്ചുകൊണ്ട് സഭാസമക്ഷം ഈ വി. ഗ്രന്ഥം സമർപ്പിക്കട്ടെ.

 
റവ. ഡോ. സൈറസ് വേലംപറമ്പിൽ
ആഗസ്റ്റ്  15,  2001സെക്രട്ടറി, കെ. സി. ബി. സി.
പി. ഒ. സി.ബൈബിൾ കമ്മീഷൻ

 

 
മുകളിലേക്ക്
Home Advanced search Print