Download Malayalam Font Desktop Bible Download
Home Feedback Advanced search Print
Mobile version Mobile app Mobile Version and Mobile App
ഇതാണു ക്രിസ്തുവഴി ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസം.
2 കോറിന്തോസ് 3:4
മഷികൊണ്ടല്ല, ജീവിക്കുന്ന ദൈവത്തിന്‍റെ ആത്മാവുകൊണ്ട്, കല്‍പലകകളിലല്ല, മനുഷ്യരുടെ ഹൃദയഫലകങ്ങളില്‍ ഞങ്ങളുടെ ശുശ്രൂഷവഴി എഴുതപ്പെട്ട ക്രിസ്തുവിന്‍റെ ലിഖിതമാണു നിങ്ങള്‍ എന്നു വ്യക്തമാണ്.
2 കോറിന്തോസ് 3:3
ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടതും സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്നതുമായ ഞങ്ങളുടെ ശിപാര്‍ശക്കത്ത് നിങ്ങള്‍തന്നെയാണ്.
2 കോറിന്തോസ് 3:2

പഴയ നിയമം

   

നാഹും

    അധ്യായങ്ങള്‍: ആമുഖം  1  2  3     
   

നാഹും3

നിനെവേയുടെ അക്രമങ്ങള്‍

1 രക്തപങ്കിലമായ നഗരത്തിന് ഹാ ക ഷ്ടം!. വ്യാജവും കൊള്ളയുംകൊണ്ട് അതു നിറഞ്ഞിരിക്കുന്നു. അവിടെനിന്ന് കവര്‍ച്ച ഒഴിയുകയില്ല.2 ചമ്മട്ടിയുടെ ശബ്ദം, ചക്രങ്ങളുടെ ഇരമ്പല്‍, കുതിരകളുടെ കുളമ്പടി, രഥങ്ങളുടെ മുഴക്കം,3 കുതിക്കുന്ന കുതിരപ്പടയാളികള്‍, ജ്വലിക്കുന്ന വാള്‍, തിളങ്ങുന്ന കുന്തം, നിഹതന്‍മാരുടെ വ്യൂഹങ്ങള്‍, ശവ ശരീരങ്ങളുടെ കൂമ്പാരം, എണ്ണമറ്റ മൃതദേഹങ്ങള്‍ അവര്‍ അവയെ ചവിട്ടി കടന്നുപോകുന്നു.4 വേശ്യാവൃത്തികൊണ്ടു ജനതകളെയും വശീകരണശക്തികൊണ്ടു രാജ്യങ്ങളെയും വഞ്ചിച്ച മോഹിനിയും മാരകവശ്യതയുള്ളവളുമായ വേശ്യയുടെ എണ്ണമറ്റ വേശ്യാവൃത്തികള്‍ നിമിത്തമാണിതെല്ലാം സംഭവിച്ചത്.5 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിനക്ക് എതിരാണ്. ഞാന്‍ നിന്‍റെ വസ്ത്രം മുഖത്തോളം ഉയര്‍ത്തി ജനതകള്‍ക്കു നിന്‍റെ നഗ്നത കാണിച്ചുകൊടുക്കും. രാജ്യങ്ങള്‍ നിന്‍റെ ലജ്ജ ദര്‍ശിക്കാന്‍ ഇട വരുത്തും.6 ഞാന്‍ നിന്‍റെ മേല്‍ ചെളി വാരിയെറിയും. ഞാന്‍ നിന്നോടു വെറുപ്പോടെ പെരുമാറുകയും നിന്നെ നിന്ദാവിഷയമാക്കുകയും ചെയ്യും.7 നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ടകന്ന് ഇപ്രകാരം പറയും: നിനെവേ ശൂന്യമായിരിക്കുന്നു; അവളെച്ചൊല്ലി ആരു വിലപിക്കും? അവള്‍ക്കുവേണ്ടി ഞാന്‍ എവിടെനിന്ന് ആശ്വാസകരെ കണ്ടുപിടിക്കും?8 നൈലിനരികേ സ്ഥിതി ചെയ്തിരുന്ന തേബസിനെക്കാള്‍ ശ്രേഷ്ഠയാണോ നീ? അവള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടിരുന്നു; കടല്‍ അവള്‍ക്കു കോട്ടയും വെള്ളം അവള്‍ക്കു മതിലും ആയിരുന്നു.9 എത്യോപ്യാ അവളുടെ ശക്തിയായിരുന്നു. ഈജിപ്തും അവള്‍ക്ക് അതിരറ്റ ശക്തി പകര്‍ന്നു. പുത്യരും ലിബിയാക്കാരും അവളുടെ സഹായകരായിരുന്നു.10 എന്നിട്ടും അവള്‍ തടവിലാക്കപ്പെട്ട് അടിമത്തത്തിലാണ്ടു. വഴിക്കവലകളില്‍ വച്ച് അവളുടെ കുഞ്ഞുങ്ങള്‍ നിലത്തടിച്ചു കൊല്ലപ്പെട്ടു. അവളുടെ സമുന്നതന്‍മാര്‍ക്കുവേണ്ടി അവര്‍ നറുക്കിട്ടു. അവളുടെ പ്രമുഖന്‍മാരെയെല്ലാം അവര്‍ ചങ്ങലയില്‍ ബന്ധിച്ചു.11 അങ്ങനെ നീയും ലഹരിപിടിച്ച് ഉന്‍മത്തയും പരിഭ്രാന്തയുമാകും. ശത്രുക്കളില്‍നിന്ന് നീ അഭയം അന്വേഷിക്കും.12 നിന്‍റെ കോട്ടകള്‍ പാകമായ ആദ്യഫലങ്ങള്‍ പേറുന്ന അത്തിവൃക്ഷങ്ങള്‍ പോലെയാകും. കുലുക്കിയാല്‍ അവ ഭോക്താവിന്‍റെ വായില്‍ത്തന്നെ പതിക്കും.13 നിന്‍റെ സൈന്യം സ്ത്രീകളെപ്പോലെയാണ്. നിന്‍റെ ദേശത്തിന്‍റെ കവാടങ്ങള്‍ ശത്രുക്കള്‍ക്കായി മലര്‍ക്കെ തുറന്നിരിക്കുന്നു. അഗ്നി നിന്‍റെ ഓടാമ്പലുകളെ വിഴുങ്ങിയിരിക്കുന്നു.14 ഉപരോധത്തിനുവേണ്ടി വെള്ളംകോരുക; കോട്ടകളെ ബലപ്പെടുത്തുക; ചെളിയിലിറങ്ങി കളിമണ്ണു ചവിട്ടിക്കുഴച്ച് ഇഷ്ടികയുണ്ടാക്കുക.15 അവിടെ അഗ്നി നിന്നെ വിഴുങ്ങും; വാള്‍ നിന്നെ വിച്ഛേദിക്കും. വെട്ടുകിളിപോലെ അത് നിന്നെ സംഹരിക്കും. വെട്ടുകിളിയെപ്പോലെ പെരുകുക; വിട്ടിലിനെപ്പോലെ വര്‍ധിക്കുക.16 ആ കാശത്തിലെ നക്ഷത്രങ്ങളെക്കാളധികമായി നീ നിന്‍റെ വ്യാപാരികളെ വര്‍ധിപ്പിച്ചു. വെട്ടുകിളി ചിറകുവിരിച്ചു പറന്നകലുന്നു.17 നിന്‍റെ പ്രഭുക്കന്‍മാര്‍ വിട്ടിലുകളെപ്പോലെയും, നിന്‍റെ സൈന്യാധിപന്‍മാര്‍ ശീതകാലത്തു വേലിയില്‍ പറന്നുകൂടുന്ന വെട്ടുകിളിപ്പറ്റങ്ങള്‍ പോലെയുമാണ്. സൂര്യനുദിക്കുമ്പോള്‍ അവ പറന്നുപോകുന്നു. അവ എവിടെയാണെന്ന് ആരും അറിയുന്നില്ല.18 അസ്സീറിയാരാജാവേ, നിന്‍റെ ഇടയന്‍മാര്‍ ഉറങ്ങുന്നു; നിന്‍റെ പ്രഭുക്കന്‍മാര്‍ മയങ്ങുന്നു. ഒരുമിച്ചുകൂട്ടാന്‍ ആരുമില്ലാതെ, നിന്‍റെ ജനം മലകളില്‍ ചിതറിക്കപ്പെട്ടിരിക്കുന്നു.19 നിന്‍റെ ക്ഷതത്തിനു ശമനമില്ല. നിന്‍റെ മുറിവു മാരകമാണ്. നിന്നെക്കുറിച്ച് കേള്‍ക്കുന്നവരെല്ലാം കൈകൊട്ടിച്ചിരിക്കും. നിന്‍റെ ഒടുങ്ങാത്ത ദ്രോഹം ഏല്‍ക്കാത്തത് ആര്‍ക്കാണ്?